കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം എന്ന അര്‍ഥത്തില്‍ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം.കേരം എന്ന പദവും സ്ഥലം എന്നര്‍ഥം വരുന്ന അളം എന്ന പദവും ചേര്‍ന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു.
‘ചേരളം’ എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം, ചേര്‍, അഥവാ ചേര്‍ന്ത എന്നതിന് ചേര്‍ന്ന എന്നാണ് അര്‍ത്ഥം. കടല്‍ മാറി കരകള്‍ കൂടിച്ചേര്‍ന്ന എന്ന അര്‍ത്ഥത്തില്‍ ആണ് ഇത് ഉത്ഭവിച്ചത് എന്നാണാ വാദഗതിക്കാര്‍ കരുതുന്നത്. സംഘകാലത്തിലെ നെയ്തല്‍ തിണൈ എന്ന ഭൂപ്രദേശത്തില്‍ വരുന്ന ഇവിടം കടല്‍ ചേരുന്ന് ഇടം എന്നര്‍ത്ഥത്തില്‍ ചേര്‍ എന്ന് വിളിച്ചിരുന്നു. ചേര്‍+അളം എന്നതിന് സമുദ്രം എന്ന അര്‍ത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലര്‍ കടലോരത്തിന്റെ അധിപരുമായി.
ചേര രാജാക്കന്മാരില്‍ നിന്നുമാകാം പേര്‍ വന്നതെന്നാണ് മറ്റൊരു അഭിപ്രായം.ഇവരുടെ പേര്‍ തന്നെ ഥേര എന്ന പാലി വാക്കില്‍ നിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിന് ബുദ്ധമതവുമായി ബന്ധം കാണുന്നു. ഥേരന്‍ എന്ന വാക്കിന് വലിയേട്ടന്‍ എന്നാണ് വാച്യാര്‍ത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തില്‍പെട്ടവരായിരുന്നു ചേര രാജാക്കന്മാര്‍ എന്ന് കരുതുന്നു. ഥേര എന്ന വാക്ക് പാലിയില്‍ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേരന്‍ എന്നായതാണെന്നും, സ്ഥലം എന്ന അര്‍ത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. കേരളം ഒരു കാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം.ചേര എന്നതിന്റെ കന്നട ഉച്ചാരണം കേര എന്നാണ്. ഇതായിരിക്കാം കേരളം ആയതെന്നാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് വാദിക്കുന്നത്.
വീരകേരളന്റെ നാടായതിനാല്‍ കേരളം എന്ന പേര്‍ വന്നു എന്നും ഒരു വിശ്വാസം ഉണ്ട്.
മലഞ്ചരിവ് എന്നര്‍ത്ഥമുള്ള ചാരല്‍ എന്ന തമിഴ് പദത്തില്‍ നിന്നാണ് ചേരല്‍ ഉണ്ടായതെന്നും അതാണ് കേരളമായതെന്നും മറ്റൊരു വാദം നിലനില്‍ക്കുന്നു.
മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നില്‍ എന്നാണ്.കേരളത്തിന്റെ പ്രകൃതി സൌന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവര്‍ അല്ലാഹു അനുഗ്രഹിച്ച നാട് എന്നര്‍ത്ഥത്തില്‍ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. മലബാര്‍ എന്ന പേര്‍ നല്‍കിയത് അറബികള്‍ ആണെന്നതും ഇതിന് ശക്തി പകരാന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചേരം (കേരളം) എന്ന വാക്ക് നാഗം (പാമ്പ്) എന്നതിന്റെ തല്‍സമമാണെന്ന് എല്‍.എ. അനന്തകൃഷ്ണയ്യര്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ ദ്രാവിഡരുടെ നാഗാരധനകാരണമായിരിക്കണം ഒരു പക്ഷെ ഈ പേരു വരാനുള്ള കാരണം.
പിന്നീട് അധിനിവേശം ചെയ്തവരാണ് ദ്രാവിഡര്‍. ഇത് ഭൂമിയിലെ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും കടല്‍ മാറി കൂടുതല്‍ സമതലപ്രദേശങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തതിനുശേഷമാണ് എന്നാണ് ചരിത്രഗവേഷകര്‍ കരുതുന്നത്. മഹാശിലസംസ്കാരത്തിന്റെ ഉപജ്ഞാതാക്കള്‍ ഇവരാണ്. കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ നിന്നും ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൃഷി അറിയാമായിരുന്ന ഇവര്‍ ആദിമനിവാസികള്‍ അധിവസിച്ചിരുന്ന വനങ്ങളിലേക്ക് കടക്കാതിരിക്കുകയോ ആദിമനിവാസികള്‍ സമതലങ്ങളിലേക്ക് കുടിയേറാതിരിക്കുകയോ ചെയ്തിരിക്കാം. അല്ലെങ്കില്‍ ദ്രാവിഡര്‍ ആദിവാസികള്‍ക്ക് മേല്‍ മേല്‍ക്കോയ്മ നേടിയിരുന്നിരിക്കാം. അവരുടേതായ ചുറ്റുപാടുകളില്‍ ജീവിച്ചുകൊണ്ട് പുതിയ അധിനിവേശക്കാരുമായി വ്യാപാരം ബന്ധം ചെയ്തിരുന്നതായി പില്‍ക്കാലത്തെ സംഘം കൃതികളില്‍ നിന്ന് മനസ്സിലാക്കാം. ഇവര്‍ കാളി, പൂര്‍വ്വികര്‍(മുത്തപ്പന്‍), പ്രകൃതിശക്തികള്‍, മലദൈവങ്ങള്‍ എന്നിവരെ ആരാധിച്ചിരുന്നു.
കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുന്‍പ് 272-നും 232-നും ഇടയില്‍ അശോകചക്രവര്‍ത്തി സ്ഥാപിച്ച ശിലാഫലകത്തില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. അശോകക്രവര്‍ത്തിയുടെ രണ്ടാം ശിലാശാസനത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : "ദേവന്മാര്‍ക്ക് പ്രിയനാകിയ രാജാ പ്രിയദര്‍ശിയുടെ രാജ്യത്തും അയല്‍ രാജ്യങ്ങളായ ചോള, പാണ്ഡ്യ, സത്യപുത്ര, കേരളപുത്ര രാജ്യങ്ങളിലും, താമ്രപര്‍ണിയിലും യവനരാജാവായ ആന്റിയോക്കോസ് ഭരിക്കുന്ന സ്ഥലത്തും അതിന്റെ അയല്‍ രാജ്യങ്ങളിലും ദേവാനാംപ്രിയ രാജാപ്രിയദര്‍ശി രണ്ട്തരം ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നു: മനുഷ്യര്‍ക്കുള്ള ചികിത്സക്കും കന്നുകാലികള്‍ക്കുള്ള ചികിത്സക്കും. .....". കേരളരാജാവിന്റെ പേര് അശോകശാസനത്തില്‍ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമര്‍ശിക്കപ്പെടുന്നത് കേരളമാണെന്ന് വ്യക്തം. ശിലാശാസനം 13ലും ഇതേരീതിയിലുള്ള പരാമര്‍ശം കാണാം. താമ്രപര്‍ണി എന്ന് പരാമര്‍ശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.
കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ബി.സി.ഇ. 1000-ല്‍ സോളമന്റെ കപ്പലുകളില്‍ ഫൊണീഷ്യന്മാര്‍ കേരളതീരത്തുള്ള ഓഫിര്‍ എന്ന തുറമുഖം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാര്‍ എന്ന ഗ്രാമത്തിലാണ് ഈ ഓഫീര്‍ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു
ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്, റോമന്‍, ചൈനീസ് യാത്രാരേഖകളില്‍ കേരളത്തെപ്പറ്റിയുളള വിവരണങ്ങള്‍ കാണാം. ക്രി.മു. 302 സെലൂക്കസ് നിക്കേറ്റര്‍ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളില്‍ കേരളത്തെപ്പറ്റിയും ഇവിടത്തെ തുറമുഖത്തെപ്പറ്റിയും വിവരണം ഉണ്ട്. ക്രി.വ. ആദ്യ നൂറ്റാണ്ടില്‍ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യചരിത്രത്തില്‍ കേരളത്തിനെക്കുറിച്ച് നിരവധി പരാമര്ശങ്ങള്‍ ഉണ്ട്. പുരാതന കാലം മുതല്‍ കേരളം ചേര രാജവംശത്തിനു കീഴിലായിരുന്നു. ഈ രാജവംശം ഇന്നത്തെ ചെറുമരാണെന്നും അതല്ല കുറവരാണെന്നും വാദങ്ങള്‍ നിലനില്‍കുന്നു.തമിഴ് ആയിരുന്നു ചേരന്‍മാരുടെ വ്യവഹാര ഭാഷ. തമിഴില്‍ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്. പ്രത്യേകിച്ചു മതങ്ങള്‍ ഇല്ലായിരുന്ന കേരളത്തില്‍ ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. ക്രിസ്തുവിനു മുന്‍പു തന്നെ കേരളീയര്‍ യഹൂദരുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ക്രിസ്തു ശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു. അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ-ജൈനമതങ്ങള്‍ വളരെ മുന്നേറ്റം നടത്തിയിരുന്നു. എട്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തു. എട്ടാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ് മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നില്‍. പത്താം നൂറ്റാണ്ടു മുതല്‍ കേരളം ജന്മി പ്രഭുക്കന്മാരുടെ കീഴിലായി. ഇവരുടെ പരസ്പര പോരാട്ടങ്ങള്‍ക്കൊടുവില്‍ മൂന്നു അധികാര കേന്ദ്രങ്ങള്‍ നിലവില്‍ വന്നു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍. തുടര്‍ന്നാണ് കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്.
ഈ കാലഘട്ടത്തിലെല്ലാം കേരളം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു. മലബാര്‍ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കന്‍മാരിലൂടെയായിരുന്നു ഭരണം. 1947-ല്‍ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. ഇതേത്തുടര്‍ന്ന്, 1956 നവംബര്‍ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായിആഘോഷിക്കപ്പെടുന്നു. ഭൂമിശാസ്ത്രം
വടക്കേ മലബാര്‍: കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് , കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക്
മലബാര്‍: വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങള്‍, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങള്‍, മലപ്പുറം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂര്‍ ജില്ലയുടെയും ചിലഭാഗങ്ങള്‍
കൊച്ചി: എറണാകുളം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂര്‍ ജില്ലയുടെയും ചിലഭാഗങ്ങള്‍
മദ്ധ്യതിരുവിതാംകൂര്‍: കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട
തിരുവിതാംകൂര്‍: കൊല്ലം, തിരുവനന്തപുരം
കേരളത്തിലെ 14 റവന്യൂ ജില്ലകള്‍ 62 താലൂക്കുകള്‍, 1453 റവന്യൂ വില്ലേജുകള്‍, 1007 ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയുടെ അതിരുകള്‍ കേരളവുമായാണ് പങ്കുവെക്കുന്നത്. തിരുവനന്തപുരമാണ് സംസ്ഥാന തലസ്ഥാനവും ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരവും. കൊച്ചിയാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ നഗരാതിര്‍ത്തിയിലായി വസിക്കുന്നതും.വലിയ തുറമുഖ നഗരവും. കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവയാണ് പ്രധാന വാണിജ്യനഗരങ്ങള്‍. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ നഗരങ്ങളില്‍ താമസിക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്. ഇവിടത്തെ 50 ശതമാനത്തിലധികം ജനങ്ങള്‍ നഗരത്തിലാണ് വസിക്കുന്നത്.കണ്ണൂരിലെ നഗര ജനസംഖ്യ 1,212,898 ആണ് ഇത് എറണാകുളത്തിനുശേഷം ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന നഗരവുമാണ് കേരളത്തിലെ ഹൈക്കോടതി എറണാകുളത്താണ് സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ മഴയുടെ നാലില്‍ മൂന്നുഭാഗവും ജൂണിനും സെപ്റ്റംബറിനും ഇടക്കുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലാണ് പെയ്യുന്നത്. വടക്കുനിന്ന് തെക്കോട്ട് വരുമ്പോള്‍ മഴയുടെ അളവ് കുറഞ്ഞു കുറഞ്ഞുവരുന്നു. കോഴിക്കോട് വര്‍ഷത്തില്‍ ശരാശരി 302.26 സെന്റീമീറ്റര്‍ മഴ ലഭിക്കുമ്പോള്‍ തിരുവനന്തപുരത്ത് ഇത് 163 സെന്റീമീറ്റര്‍ മാത്രമാണ്.
കേരളത്തിന്റെ ആളോഹരി വരുമാനം 11,819 രൂപയാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ്. ആഗോള ശരാശരിയില്‍ നിന്നും ഏറെ താഴെയും. കേരളത്തിന്റെ മാനവ വികസന സൂചികയും ജീവിത നിലവാരക്കണക്കുകളും ഇന്ത്യയിലെ ഏറ്റവും മികച്ചതും ആഗോള നിലവാരത്തോടു കിടപിടിക്കുന്നതുമാണ്. ഒരേ സമയം ഉയര്‍ന്ന ജീവിത നിലവാരവും താഴ്ന്ന സാമ്പത്തിക വളര്‍ച്ചയും പിന്തുടരുന്ന കേരളത്തിലെ ഈ അപൂര്‍വ സാഹചര്യത്തെ കേരള മോഡല്‍.എന്ന പേരില്‍ സാമ്പത്തിക ഗവേഷകര്‍ പഠനവിഷയമാക്കാറുണ്ട്.
വിനോദസഞ്ചാരം, പൊതുഭരണം, ബാങ്കിങ്, ഗതാഗതം, വാര്‍ത്താവിനിമയം എന്നിവയുള്‍പ്പെടുന്ന സേവന മേഖലയും കൃഷി, മത്സ്യബന്ധന മേഖലകളുമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലുകള്‍.
ടൂറിസം, പൊതുമേഖല, ബാങ്ക് മുതലായ സാമ്പത്തിക സ്ഥാപനങ്ങള്‍, പൊതുമരാമത്ത്, കമ്യൂണിക്കേഷന്‍ ( - 2002-2003-ലെ ജി.എസ്.ഡി.പിയുടെ 63.8 %) തുടങ്ങിയ സേവനമേഖലകളും ,കൃഷി, മത്സ്യബന്ധനം (ജി.എസ്.ഡി.പിയുടെ 17.2 %) എന്നിവയാണ്‍ പ്രധാനമായും സമ്പദ്ഘടനയുടെ പ്രധാന സ്രോതസ്സുകള്‍. കേരള ജനതയുടെ എതാണ്ട് പകുതി കുടുംബങ്ങളും പ്രധാനമായും കൃഷിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. കേരളത്തിലെ 3105.21 കിലോമീറ്റര്‍ ചതുരശ്രവിസ്തൃതി വരുന്ന നെല്‍പ്പാടങ്ങളില്‍ നിന്ന്, ഏതാണ്ട് 600-ല്‍ അധികം തരത്തിലുള്ള നെല്‍വിളകളിലൂടെ 688,859 ടണ്‍ അരി ഒരു വര്‍ഷം ഉല്പാദിപ്പിക്കുന്നുണ്ട്. മറ്റു പ്രധാന വിളകളില്‍ നാളികേരം(899,198 ), ചായ, കാപ്പി( ഇന്ത്യന്‍ ഉല്പാദനത്തിന്റെ 23 % അല്ലെങ്കില്‍ 57,000 ടണ്‍) റബ്ബര്‍, കശുവണ്ടി, കുരുമുളക്, ഏലം, വാനില തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയുള്‍പ്പെടുന്നു. കേരളത്തിലെ 590 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന തീരങ്ങളിലെ 1.050 മില്യണ്‍ മുക്കുവര്‍ ചേര്‍ന്ന് ഏതാണ്ട് 668,000 ടണ്‍ മത്സ്യം ഉല്പാദിപ്പിക്കുന്നുണ്ട്(1999–2000 കാലയളവിലെ കണക്ക്).
പരമ്പരാഗത വ്യവസായങ്ങളായ കയര്‍, നെയ്ത്ത്, കരകൗശല വസ്തു നിര്‍മ്മാണം എന്നിവയിലൂടെ10 ലക്ഷം ജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. ഏതാണ്ട് 1,80,000 ചെറുകിട വ്യവസായങ്ങളില്‍ നിന്ന് ഏതാണ്ട് 909,859 മലയാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്; 511 മദ്ധ്യ വന്‍കിട വ്യവസായ യൂനിറ്റുകളും കേരളത്തിലുണ്ട്. ഇല്‍മനൈറ്റ്, കാവോലിന്‍, ബോക്സൈറ്റ്, സിലിക്ക, ക്വാര്‍ട്‌സ്, സിക്രോണ്‍ തുടങ്ങിയ ഭൂഖനന യൂനിറ്റുകളില്‍ നിന്നായി ( ജി.എസ്.ഡി.പി.യുടെ 0.3 % ) ഒരു ചെറിയ വരുമാനവും കേരളത്തിനു ലഭിക്കുന്നുണ്ട്. ഗൃഹ പൂന്തോട്ട നിര്‍മ്മാണം, ജന്തു പരിപാലനം എന്നീ മേഖലകളിലും നൂറു കണക്കിനാളുകള്‍ തൊഴിലെടുക്കുന്നുണ്ട്. മറ്റു പ്രധാന മേഖലകളില്‍ ടൂറിസം, നിര്‍മ്മാണം, ബിസിനസ് പ്രോസസ് ഔട്ട് സോഴ്‌സിങ്ങ് എന്നിവയുമുള്‍പ്പെടുന്നു. 2002 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ബാങ്കുകള്‍ക്കു മുഴുവനായി 3341 ബ്രാഞ്ചുകളുണ്ട്.ഇതില്‍ ഓരോ ബാങ്കുകളും 10,000 ജനങ്ങള്‍ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ബാങ്കുകള്‍ അധികമായുള്ള മൂന്നാമത് സംസ്ഥാനമാണ് കേരളം. 2007-ലെ കണക്കുകള്‍ അനുസരിച്ച് കേരളത്തിലെ തൊഴില്‍ രഹിതര്‍ ആകെ ജനസംഖ്യയുടെ 9.4 % ആണ്. ജനസഖ്യയുടെ 12.71 % മുതല്‍ 36 % വരെ ദാരിദ്ര രേഖക്കു താഴെയുള്ളവരാണ്. 45,000 ജനവാസികള്‍ ചേരി പ്രദേശങ്ങളിലും താമസിക്കുന്നുണ്ട്.
വ്യവസായങ്ങള്‍ക്ക് പറ്റിയ സ്ഥലമല്ല എന്ന അപഖ്യാതി അടുത്തകാലത്തായി കേരളത്തെ പിടികൂടിയിട്ടുണ്ട്. തൊഴില്‍ യൂണിയന്‍ മേഖലയുടെ അകാരണമായ ഇടപെടലുകള്‍ മൂലമോ കുറഞ്ഞ നിരക്കില്‍ ജോലിക്കാരെ കിട്ടാത്തതോ പ്രവര്‍ത്തനദിനങ്ങള്‍ വിവിധ സമരങ്ങളുടേയും ഹര്‍ത്താലുകളുടേയും പേരില്‍ മുടങ്ങുന്നതോ ഒക്കെ ഇതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒരു മതമായി കേരളത്തില്‍ കുടുയേറിയ ആദ്യത്തെ ജനവിഭാഗം യഹൂദര്‍ ആണ്. സിറിയന്‍ നാഗരികതയില്‍ നിന്നു വന്നയഹൂദമതം പോലെ തന്നെ ഇന്ത്യയിലെ ഇതരഭാഗത്തു നിന്നും ഹിന്ദുമതവും സംഘടിതമായി വന്നു ചേര്‍ന്നു. സിറിയന്‍ നാഗരികതയില്‍ ജനിച്ച ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തിച്ചേര്‍ന്നു. ക്രിസ്തുമതം ദര്‍ശനങ്ങളിലൂടെയും പരിവര്‍ത്തനത്തിലൂടെയും തെക്കന്‍കേരളത്തില് വ്യാപിച്ചപ്പോള്‍ ഇംസ്ലാം മതം സമഭാവനയിലധിഷ്ഠിതമായ ദര്‍ശനം പ്രചരിപ്പിച്ചതിലൂടെയും കുടിയേറ്റത്തിലൂടെയും കേരളത്തിന്റെ വടക്കന്‍ മേഖലയില്‍ വ്യാപിച്ചു. എന്നാല്‍ ഇതിനേക്കാള്‍ വളരെ മുന്‍പേ തന്നെ ബുദ്ധ-ജൈന മതങ്ങള്‍ കേരളത്തില്‍ വേരൂന്നിയിരുന്നു.